Thursday, March 26, 2009

വിളയാതെയും വിളയിക്കപ്പെടാതെയും പോയ (ക)വിതകള്‍....!!




കണ്ണ്..


ചരടും തൊങ്ങലുകളും
നഷ്ടപ്പെട്ട്‌,
കാഴ്ച്ചയുടെ
നിയമങ്ങളെ തെറ്റിച്ച്,
വഴി മറന്ന്
ഒളി മങ്ങി
പീള കെട്ടി
ഇരുട്ടിന്‍റെ
ഏതോ ആകാശങ്ങളില്‍
പീലിച്ചിറകുമായി
രണ്ടു പട്ടങ്ങള്‍...

കണ്ണാടി...

കാഴ്ച്ചയുടെ രഹസ്യങ്ങള്‍
വശം തിരിഞ്ഞ്
നില മറന്ന്
ചിറി കോട്ടി..

നിന്‍റെ പുഞ്ചിരി, നിശ്വാസം...
ഹാ...
കണ്ണിനും കണ്ണാടിക്കും ഇടയില്‍
കല്ല്‌ വെച്ചൊരു നുണ... !!

കഴുമരം...

കാഴ്ചകളില്‍
മുള്ള് തറഞ്ഞ്
മുറിവിന്‍റെ കണ്ണില്‍
ചോര കട്ടച്ചു
നിന്‍റെ കണ്ണിലേക്ക്..
ഈ വഴി അവസാനിക്കുന്ന
മൊട്ടക്കുന്നിന്‍റെ നെറുകയില്‍
കുരിശിന്‍റെ കഴുത്തൊടിഞ്ഞു
ഒരു കുരുക്കായി ഞാന്നു കിടന്നു...

കഴുത...

വിളറിയ ഒരു മൗനം-
സമയം ചിതറിപ്പോയ ഘടികാരങ്ങള്‍
പിറകെ
വിഴുപ്പുകള്‍ എല്ലാം
സ്വയം ചുമന്ന്
പുളയുന്ന ചാട്ടകളില്‍
ഒരു ഇളിച്ച യാത്ര...

കപ്പല്‍...

നടുക്കടലില്‍
തകര്‍ക്കപ്പെട്ട അമരത്ത്
ഒറ്റപ്പെട്ട കപ്പിത്താന്‍
കാറ്റുകളെ മെരുക്കാന്‍ ശ്രമിക്കുന്നു...
ഒഡിസ്സിയൂസും സിന്ദ്ബാദും എല്ലാം
എല്ലാം വെറും കഥയെന്നു കൂവി വിളിക്കുന്നു...
ചുഴിയുടെ കണ്ണ് - ഒരിരുട്ട്...
ചുഴലിയുടെ നാക്ക് - ഒരു മുഷ്ടി..

കവി...

കണ്ണുകളും
കണ്ണാടികളും
കാറ്റുകളെ അറിയാത്തവ ന്‍റെ
അതിരില്‍
കഴു മരങ്ങള്‍ പാകുന്നു..
മരണത്തിന്‍റെ ദിശകളിലെ
അവിശ്വാസം കൊണ്ട്
വടക്ക് നോക്കി യന്ത്രങ്ങള്‍
പുണര്‍ന്നവന്‍റെ കാതില്‍
കാലം പെരുമ്പറ കൊട്ടുന്നു..

കടപ്പുറത്ത്
ഒരു കുട്ടി
അപ്പൂപ്പന്‍ താടി പറത്തി കളിക്കുന്നു...
കളി മടുക്കുന്ന നിമിഷങ്ങളില്‍
വിരല് മുറിച്ച്
കടലിന്‍റെ നിറം മാറ്റാന്‍ ശ്രമിക്കുന്നു...!!

കവിത ...!!!

ഴുതകളുടെ
വിധി
ടവറകള്‍.... എന്നും....!!!

Tuesday, March 24, 2009

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!



തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
അഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!

______________

കേട്...!!



വീര്‍പ്പു മുട്ടി മുട്ടി
ഒരു ക്ഷമ കേടില്‍
പിറവി..


കുരുത്തക്കേടുകള്‍
ഭക്ഷണം..


കാഴ്ചകള്‍
ലക്ഷണക്കേട്‌...


വിലാപങ്ങള്‍
സ്വൈര്യക്കേട്‌...


മാറാ കേടായി
ഓര്‍മ്മകള്‍..


അവള്‍ അകന്നു പോയത്
പൊരുത്തക്കേടില്‍...


(മാനമില്ലാതെ പോയത് കൊണ്ടു
മാനക്കേട്‌ ഇല്ലാതെ പോയി..)


അങ്ങനെ...
എങ്ങു നിന്നോ എങ്ങോട്ടോ നീണ്ട
വലിയോരു വിവരക്കേടിലെ..
ജീവിതം..


ത്ഫൂ..
പടച്ചവന്‍റെ
പിടിപ്പു കേട്...

Sunday, March 22, 2009

എനിമ




വിവരമുള്ളവര്‍
അങ്ങനെയാണ്....


ചീഞ്ഞു നാറുന്ന നെഞ്ചിലേക്ക്
പ്രായോഗികതയുടെ
മുഴുത്ത തായ് വേര്
ഇറക്കി വെക്കുക...

നിമിഷങ്ങള്‍ക്കകം
മറവിയുടെ കൊഴുത്ത ദ്രാവകം
ഒഴുകിയെത്തും...

അഴുക്കുകളും
ദുര്‍ഗന്ധവും
പുറന്തള്ളപ്പെടാന്‍
അങ്ങനെ
നിര്‍ബന്ധിക്കപ്പെടുന്നു...

ഇങ്ങനെയാണ്
ജീവിക്കാന്‍
പഠിക്കേണ്ടത് എന്ന്
ആരുമവര്‍ക്ക്
പഠിപ്പിച്ചു കൊടുക്കേണ്ടതില്ല...

പ്രിയപ്പെട്ടവളെ,
ഓര്‍മ്മകളുടെ
ശവക്കൂനയിലേക്ക്
വലിച്ചു പൊട്ടിച്ചു നീ
നീരിറക്കിയ വേര്
എന്‍റെ ധമനി ആയിരുന്നു...

(എങ്കിലും
എനിക്ക് ഭ്രാന്തു തന്നെയെന്ന്‌
ഉറപ്പിക്കുന്നത്
നിന്‍റെ വിളര്‍ത്ത
കണ്ണുകളാണ്...)

കണ്ണുകളെ
കഴുകിക്കളയുക എന്നത്
എനിമ പോലെ
ലളിതമെന്നു
പഠിക്കാതെ പോയവന്‍..


വിഡ്ഢി....!!!

Friday, March 20, 2009

The World of my carvings..

Please note my new carving blog URL

http://lajuscarvings.blogspot.com

Thursday, March 19, 2009

മതിയാവാന്‍ സാധ്യതയില്ല..







ക്ഷമിക്കുക.. 
ഒരേയൊരു  
വിരല്‍ത്തുമ്പു കൊണ്ട് 
ആകാശ പതപ്പില്‍
തുഴ പോയ പട്ടം  
തിരിച്ച് ഇറങ്ങില്ല...  

ഒരു പങ്കായം 
ചിറകാവില്ല 
ചുഴിക്കനപ്പില്‍ 
വഴി പോയ  
കപ്പലിന്....  

ഇല്ല.. 
ഒരിക്കലുമില്ല.. 

ഒരേയൊരു ചുംബനം കൊണ്ട്  
കെട്ടടങ്ങില്ല 
ഒരു കടല്‍....

Tuesday, March 17, 2009

സര്‍ക്കസ്..














സര്‍ക്കസ് പൊടി പൊടിച്ചു..
ഇടയ്ക്ക് എപ്പോഴോ കടല കൊറിക്കുന്നതു നിര്‍ത്തി
ഞാന്‍ അവളോടു പറഞ്ഞു..
" നോക്കൂ, ഞാന്‍ കോമാളിയെ കാണുന്നത് ആദ്യമായാണ്‌.."
അവള്‍ ചുമ്മാ ചിരിച്ചു..
പോകുന്നതിനു മുന്‍പ്
എന്‍റെ കയ്യില്‍ അവളൊരു
കണ്ണാടി തന്നു.....

ശിക്ഷ






"അവന്‍ തെറ്റ് ചെയ്തിരിക്കുന്നു..


നിങ്ങളവനെ ശിക്ഷിക്കുക..."


" കഴുകന്മാരേ, നിങ്ങള്‍

അവന്‍റെ കരള്‍ കൊത്തി പറിക്കുക .. .."


" അവന് കരളില്ല ദേവാ "


"എങ്കില്‍.., നിങ്ങള്‍ അവന്‍റെ ഹൃദയം കൊത്തി പറിക്കുക .. "


"അവനു ഹൃദയവുമില്ല ദേവാ .."


"എങ്കില്‍ .. എങ്കില്‍ നിങ്ങളവന്


അതെല്ലാം ഉണ്ടാക്കി കൊടുക്കുക.."


"എന്നെ ഇങ്ങനെ ശിക്ഷിക്കരുത് ദേവാ ...."


ആദ്യമായി അവന്‍ പൊട്ടിക്കരഞ്ഞു ...........................
.ലാജു

തെഹല്‍ക്ക





നിന്‍റെ ക്യാമറ കണ്ണുകളെ  
പേടിക്കാതെ 
വയ്യെനിക്ക്‌...  

നീ  
ഒളിച്ചു തന്ന ചുംബനങ്ങളും  
എനിക്കായ് പെയ്തു തീര്‍ന്ന 
നിമിഷങ്ങളും
ഇനി എപ്പോഴാണ്  
വില പേശ പെടുക.....!!???  
വേണ്ട, 
ഈ തൊപ്പി വലിച്ചെറിഞ്ഞ്‌ 
മറ്റൊന്ന് അണിയേണ്ട 
എനിക്ക്....

ഉറക്കം




അങ്ങനെ
എവിടെയോ, അറിയാതെ മുറിഞ്ഞും
സ്വപ്നങ്ങളുടെ വിരലില്‍ തൂങ്ങി
അങ്ങിങ്ങു യാത്ര പോയി
കൂട്ടം തെറ്റി പകച്ചും
മുറിവുകളില്‍ നീന്തി
വീണ്ടും ആഴ്ന്നും
പൊടുന്നനെ പിടഞ്ഞു പൊങ്ങിയും
ഉറക്കം, എന്‍റെ പ്രണയം....

പ്രിയപ്പെട്ടവളെ...
എന്നെപ്പോലും മറന്നു
എല്ലാ ഉറക്കവും
ഞാനുറങ്ങിയത്
നിന്നിലേക്ക്‌ ആയിരുന്നല്ലോ...

ഉള്ളതും ഇല്ലാത്തതും...









ഒരിക്കല്‍.....

ഇല്ലാത്ത പാളത്തില്‍
ഇല്ലാത്ത വണ്ടിക്ക് വെച്ച തല അറ്റെന്നു നേര്..
(ഇല്ലെന്നു നീ ..)

ഇനി ,
ഉള്ളോരു പാളത്തില്‍
ഉള്ളോരു വണ്ടിക്ക്
ഇല്ലാ തല വെച്ചിരിക്കട്ടെ..ഞാന്‍ .......



ലാജു

Wednesday, March 11, 2009

എനിക്ക് ഞാന്‍ അങ്ങനെ തന്നെ.....!




നീ പറഞ്ഞു ഞാന്‍ ഏതോ പുഴയെന്ന്..
മുങ്ങി നിവര്‍ന്നപ്പോള്‍ പൂഴി പോലും കണ്ടില്ല..
പിന്നീട് എപ്പോഴോ നീ തന്നെയാണ് പറഞ്ഞത് കടലാണെന്ന്....
മുങ്ങാന്‍ കുഴി പോലും കണ്ടില്ല..

കാറ്റാണെന്ന് പറഞ്ഞതും നീ
അപ്പൂപ്പന്‍ താടി പോലും കണ്ടില്ല....
പൂവാണെന്ന്...
മുള്ള് പോലും കണ്ടില്ല...

മുഖം ചന്ദ്രന്‍ ആണത്രേ...
നിഴല്‍ പോലും കണ്ടതേയില്ല...

വഴി പിഴച്ച്
വിശപ്പ്‌ മരിച്ച്
എന്നെ ത്തന്നെ
തിന്നട്ടെ ഞാന്‍...

മഴ വരുന്ന വഴി..


മാറിപ്പോവാതെ, കുട മറക്കുക
കാറ്റില്‍ ഏറി വാനം ഏറി
മണല്‍, മരുഭൂ കയറി നനയ്..

കാടു കടലെടുക്കട്ടെ
കാറ് കരയെടുക്കട്ടെ..
കരള്‍, കണ്ണ് കടമെടുക്കാതെ...

വിണ്ണ് വിങ്ങട്ടെ, മണ്ണ് കുളിരട്ടെ
വാക്ക്, നോക്ക്, ചിരി
മൂടി വെക്കാതെ...

മണ്ണ് പെയ്യട്ടെ...
മനസ്സ് പെയ്യട്ടെ..

വാക്ക് പെയ്തു പെയ്തു
മുങ്ങിപ്പോ...

Monday, March 2, 2009

മറവി ഒരു നൂല്..


മറവിയുടെ ഭാഷയില്‍
നീയും ഞാനും എന്നത്
വെറുമൊരു മറവി മാത്രമാണ്..

വാക്കുകളില്ലാത്ത വാചകം പോലെ
നിന്‍റെ പ്രണയം
വെറുതെ വിറങ്ങലിച്ചു.....

ഏതേതു
കള്ളങളിലാണ്
നമ്മള്‍ അകലങ്ങളില്‍
ഇരുത്തപ്പെട്ടത്...?

കാലം തിരുത്താത്ത
മറവികള്‍
നല്ലത് തന്നെ...

നിനക്കും
പിന്നെ എനിക്കും...
തൂങ്ങി മരിക്കാന്‍
ഒരു നൂല്....